പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയ രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഇന്ത്യ സഖ്യം മുന്നില്‍. ഇന്ത്യ സഖ്യത്തിലെ ഭാരത് ആദിവാസി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ രാജ്കുമാര്‍ റോത്ത് 1,24,894 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മഹേന്ദ്രജീത്സിങ് മാള്‍വ്യ ആണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി.
ഏപ്രില്‍ 21-നാണ് ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും വിതരണം ചെയ്യുമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികള്‍ മുസ്ലിംകളാണെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പറഞ്ഞുവെന്ന പച്ചക്കളവും മോദി പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. ഒരുഘട്ടത്തില്‍ 300 സീറ്റ് കടന്ന എന്‍.ഡി.എ പിന്നീട് 298ലേക്ക് താഴ്ന്നു. ഇന്ത്യ സഖ്യം 225 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തില്‍ 17 സീറ്റുകളില്‍ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തൃശൂരിലും തിരുവനന്തപുരത്തും എന്‍.ഡി.എക്കാണ് മുന്നേറ്റം. ആലത്തൂരില്‍ മാത്രമാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്.