ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായ നികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും.
പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി അടക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിന് ഉള്ള സമയ പരിധി നീട്ടിയത്. അവസാനമായി ആയിരം രൂപ പിഴ ഒടുക്കി ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്.
ഈ സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വീണ്ടും ഓര്‍മ്മപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഇനിയും ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഉപയോക്താവിന് ആയിരിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 1961ലെ ആദായ നികുതി നിയമം അനുസരിച്ച് എല്ലാ പാന്‍ ഉടമകളും ജൂണ്‍ 30നകം ആധാറുമായി ബന്ധിപ്പിക്കണമെന്നും ട്വീറ്റില്‍ വിശദീകരിക്കുന്നു.