ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായ നികുതി വകുപ്പ് പരിശോധന.
സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും പരിശോധന നടന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഒരേസമയം 50 ഇടങ്ങളിലാണ് ഐറ്റി റെയ്ഡ് നടത്തിയത്. ജി സ്‌ക്വയറില്‍ സ്റ്റാലിന് ബെനാമി ഇടപാടുണ്ടെന്ന് ബിജെപി തമിഴ്‌നാട് ഘടകം ആരോപിച്ചിരുന്നു. ചെന്നൈ, കോയമ്പത്തൂര്‍, കര്‍ണാടകയിലെ ഹൊസൂര്‍, ബെംഗളൂരു, മൈസൂരു, ബല്ലേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
ഡിഎംകെ എംഎല്‍എ മോഹന്റെ വീട്ടിലും പരിശോധന നടന്നു. മോഹന്റെ വീട്ടില്‍ റെയ്ഡ് നടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം, തങ്ങള്‍ക്ക് ഡിഎംകെയുമായി ബന്ധമുണ്ടെന്ന് ആരോപണം ജി സ്‌ക്വയര്‍ നിഷേധിച്ചു. തങ്ങള്‍ നിയമം അനുസരിച്ചാണ് ബിസിനസ് ചെയ്യുന്നതെന്നും സ്ഥാപനം അവകാശപ്പെട്ടു.