X

ഝാര്‍ഖണ്ഡ് പോളിങ് ബൂത്തില്‍

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 43 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും 6 പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതു മണ്ഡലങ്ങളുമാണ് ഇന്ന് പൊളിങ് ബൂത്തിലെത്തുന്നത്.

അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ ശ്രദ്ധേയ മണ്ഡലം മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ മത്സരിക്കുന്ന സെരായ്കെല ആണ്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച വിട്ട ചംപായ് സോറന്‍ ബിജെപി ടിക്കറ്റിലാണ് സെരായ്കെലയില്‍ മത്സരിക്കുന്നത്. ചംപായിയെ നേരിടുന്നത് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേശ് മഹാലി തന്നെയാണ്.

ചംപായ്യുടെ മകന്‍ ബാബുലാല്‍ സോറന്‍ ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ പൂര്‍ണിമ സാഹു എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നു. മീര മുണ്ട പോട്കയിലും പൂര്‍ണിമ ജംഷേദ്പുര്‍ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് 38 മണ്ഡലങ്ങളില്‍ ഈ മാസം 20 ന് നടക്കും.

പശ്ചിമ ബംഗാളില്‍ ആറു മണ്ഡലങ്ങളിലും ബിഹാറില്‍ നാലിടത്തും, കര്‍ണാടകയില്‍ മൂന്ന് മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ബം​ഗാളിൽ നയ്ഹാതി, ഹരോവ, മെദിനിപൂർ, തൽദാൻഗ്ര, സിതായ്, മാദരിഹട്ട് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാദരിഹട്ട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളാണ്. ആറു മണ്ഡലങ്ങളിലും ബിജെപിയും തൃണമൂൽ കോൺ​ഗ്രസും തമ്മിലാണ് പോരാട്ടം. 5 മണ്ഡലങ്ങളിൽ ഇടതു സഖ്യം മത്സരിക്കുന്നുണ്ട്.ഇതിൽ ഒരു സീറ്റിൽ സിപിഐ (എംഎൽ) ആണ് മത്സരിക്കുന്നത്.

ബിഹാറിൽ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ മൂന്നും ഇന്ത്യാ സഖ്യത്തിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നാലിടത്ത് മത്സരിക്കുന്നുണ്ട്. കർണാടകയിൽ മൂന്നു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണം അസംബ്ലി സീറ്റിൽ മകൻ നിഖിൽ കുമാരസ്വാമിയാണ് എൻഡിഎ സ്ഥാനാർത്ഥി.

മുൻ ബിജെപി നേതാവ് സി പി യോ​ഗേശ്വർ ആണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി. ബിജെപി എംഎൽസി സ്ഥാനം രാജിവെച്ചാണ് യോ​ഗേശ്വർ കോൺ​ഗ്രസിൽ ചേർന്നത്. മുമ്പ് 5 തവണ നിയമസഭാം​ഗമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവച്ച ഷിഗ്ഗാവിൽ മകൻ ഭരത് ബി ബൊമ്മെയും (ബിജെപി) ഇ തുക്കാറാം (കോൺഗ്രസ്) ഒഴിഞ്ഞ സന്ദൂർ സംവരണ മണ്ഡലത്തിൽ ഭാര്യ ഇ അന്നപൂർണയും മത്സരിക്കുന്നു.

webdesk13: