ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി 12-30 ന് ശരിക്കും യുദ്ധമാണ്. ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. സിറ്റിയുടെ വേദിയായ ഇത്തിഹാദില്‍ നടക്കുന്ന അങ്കത്തില്‍ ജയിക്കുന്നവര്‍ക്ക് കിരീടത്തിലേക്ക് എളുപ്പത്തില്‍ നടന്നു കയറാനാവും. 32 മല്‍സരങ്ങള്‍ കളിച്ച ആഴ്‌സനല്‍ 75 പോയന്റുമായി ഒന്നാമതാണെങ്കില്‍ സിറ്റിക്കാര്‍ 30 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. അവരുടെ സമ്പാദ്യം 70 ആണ്. ഇന്ന് സ്വന്തം വേദിയില്‍ ജയിക്കുകയും അടുത്ത മല്‍സരത്തില്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്താല്‍ പെപ് ഗുര്‍ഡിയോളക്കും സംഘത്തിനും നിറ മനസോടെ അടുത്ത മല്‍സരങ്ങളില്‍ കളിക്കാനാവും. ആറ് മല്‍സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഴ്‌സനലാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് വര്‍ധിത വീര്യത്തോടെ മുന്നേറാനാവും. നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്കാര്‍ ഇക്കുറി ലക്ഷ്യമിടുന്നത് മൂന്ന് കിരീടങ്ങളാണ്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമിയിലെത്തി നില്‍ക്കുന്നു. റയല്‍ മാഡ്രിഡാണ് അവിടെ പ്രതിയോഗികള്‍. എഫ്.എ കപ്പില്‍ ഫൈനലുറപ്പാക്കി. നഗര വൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്തണം. എന്നാല്‍ ആഴ്‌സനലിന് ദീര്‍ഘകാലമായി വലിയ കിരീടങ്ങള്‍ അന്യമാണ്. ഈ സീസണില്‍ തുടക്കം മുതല്‍ മൈക്കല്‍ ആര്‍തറ്റയുടെ സംഘമാണ് മുന്നില്‍. പക്ഷേ സമീപ മല്‍സരങ്ങളിലെ തിരിച്ചടികളാണ് അവര്‍ക്ക് ആഘാതമായി നില്‍ക്കുന്നത്. ബുക്കായോ സാക്കേ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇന്നും മിന്നുമെന്നാണ് കോച്ച് കരുതുന്നത്. അതേ സമയം ഗോള്‍ മുഖത്ത് പറന്ന് കളിക്കുന്ന ഏര്‍ലിന്‍ ഹലാന്‍ഡാണ് സിറ്റിയുടെ കരുത്ത്. സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കിയ താരത്തെ പൂട്ടാന്‍ കഴിയാത്തപക്ഷം അത് ആഴ്‌സനലിനെ ബാധിക്കും. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് ബ്രൈട്ടണെയും ചെല്‍സി ബ്രെന്‍ഡ്‌ഫോര്‍ഡിനെയും വെസ്റ്റ്ഹാം യുനൈറ്റഡ് ലിവര്‍പൂളിനെയും നേരിടും.ഇന്നറിയാം പ്രീമിയര്‍ കിരീട വഴി.