സഊദിയിൽ ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു

സഊദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു. സഊദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷെയ്ഖാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം സൂര്യന്‍ ഉദിച്ചു 15 മിനിറ്റ് കഴിഞ്ഞ് നിസ്‌കാരം തുടങ്ങും. ഈ സമയത്ത് തന്നെ നിശ്ചിത സ്ഥലങ്ങളില്‍ നിസ്‌കാരം തുടങ്ങാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. സാധാരണയായി പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ളതോ നിസ്‌കരത്തിനായി പൊതുവെ ഉപയോഗിക്കാത്തതോ ആയ പള്ളികളിലും ഇക്കുറി പ്രാര്‍ത്ഥനകള്‍ നടക്കും. നമസ്‌കാരം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കി.

‘ഈദ് നിസ്‌കാരം എല്ലാ നിയുക്ത പള്ളികളിലും നിര്‍വഹിക്കണം. പള്ളികള്‍ ഈ അവസരത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദ് അല്‍ ഫിത്തര്‍ നമസ്‌കാരം നയിക്കാന്‍ നിയുക്ത ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടി നിയുക്ത പള്ളികള്‍ക്കുള്ളില്‍ തന്നെ നിസ്‌കാരം നിര്‍വഹിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എയര്‍ കണ്ടീഷനിംഗ്, ഓഡിയോ ഉപകരണങ്ങള്‍ എന്നിവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

webdesk13:
whatsapp
line