ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും അതേസമയം, പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുമെന്നും സി.പി.എം കേന്ദ്രകമ്മറ്റി അംഗം സുജന്‍ ചക്രവര്‍ത്തി. സി.പി.എം ഇന്ത്യ ബ്ലോക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാകില്ല. എന്നാല്‍ ബി.ജെ.പിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കും അദ്ദേഹം വ്യക്തമാക്കി.
ബി.ജെപിക്കും രാജ്യത്തുടനീളമുള്ള വര്‍ഗീയ ശക്തികള്‍ക്കുമെതിരായ നിലപാടില്‍നിന്ന് ഞങ്ങള്‍ പിന്മാറില്ല. എന്നാല്‍ പശ്ചിമ ബംഗാളിലെ കാവി പാര്‍ട്ടിക്കും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസി (ടി.എം.സി)നുമെതിരെ ഒരുപോലെ പോരാടും സുജന്‍ ചക്രവര്‍ത്തി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടി.എം.സിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമാണ്. ‘ഓരോ സംസ്ഥാനത്തും വ്യത്യസ്ത അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനത്തിന് സമാനമല്ല കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സ്ഥിതി. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ടിഎംസി പോലുള്ള പ്രാദേശിക ശക്തികളില്‍ നിന്ന് വ്യത്യസ്തമായി ദേശീയ പാര്‍ട്ടി എന്ന നിലയില്‍ നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’ അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എമ്മിന് അവരുടെതായ നിലപാടുണ്ടെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളെയും ടി.എം.സി എപ്പോഴും സ്വാഗതം ചെയ്യാറുണ്ടെന്നും തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു