സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് നിര്‍ദേശം. നവ കേരള സദസില്‍ പങ്കെടുത്തോ എന്ന് നോക്കിയാവും മസ്റ്റര്‍റോളില്‍ പേര് ചേര്‍ക്കുകയെന്നും സന്ദേശത്തില്‍ പറയുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട ജനറല്‍ ബോഡിയിലും പ്രചാരണ ബോര്‍ഡുകള്‍ വെക്കുന്നതിലും ഉള്‍പ്പെടെ പങ്കാളികളാകണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച വിളിച്ച ജനറല്‍ ബോഡിയില്‍ 90 പേര്‍ വേണ്ടിടത്ത് പത്ത് പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അടുത്ത ജനറല്‍ ബോഡിയില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്നും ബലരാമന്‍ പറയുന്നു.
ഇത് സംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നും ബലരാമന്‍ അറിയിച്ചു. ഇതൊന്നും ചെയ്യാതെ മസ്റ്റര്‍ റോളില്‍ പേരില്ലെന്ന് പറഞ്ഞ് തന്നെ സമീപിക്കരുതെന്നും ബലരാമന്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.
നടപടി വിവാദമായതോടെ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കര്‍ശനമായി പറയുക മാത്രമാണ് ചെയ്തതെന്നാണ് എന്‍ എം ബലരാമന്റെ വിശദീകരണം. പഞ്ചായത്തോ സര്‍ക്കാരോ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ബലരാമന്‍ വിശദീകരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ബലരാമന്‍.