കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വന്‍വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാനും റദ്ദാക്കപ്പെട്ട സര്‍വീസുകള്‍ പുനരാരംഭിക്കാനും പുതിയ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടു കഴിഞ്ഞിട്ടും വന്‍വിമാന സര്‍വീസ് പുനസ്ഥാപിക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. വിമാനത്താവളത്തില്‍ റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയാവുകയും അത്യാധുനികമായ ലൈറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ, 2020ലെ നിര്‍ഭാഗ്യകരമായ വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വന്‍വിമാന സര്‍വീസ് പുനരാരംഭിക്കാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
വിമാനത്താവളത്തെ ആശ്രയിച്ചുള്ള വ്യാപാര സാധ്യതകളെയും പഴം, പച്ചക്കറി കയറ്റുമതിയെയും ഇത് ഹാനികരമായി ബാധിക്കുകയാണ്. ടിക്കറ്റ് ചാര്‍ജ് ഉയരാനും ഇത് കാരണമാകുന്നുണ്ട്. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കേണ്ടതും വിമാനത്താവളത്തിന്റെ ക്ഷേമത്തിന് ആവശ്യമാണ്.
മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കും വിദൂര കിഴക്കന്‍ രാജ്യങ്ങളിലേക്കും പുതിയ രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങേണ്ടതും വിമാനത്താവളത്തിന്റെ അനിവാര്യതയാണ്. പ്രവാസികള്‍ ധാരാളമായി ഉപയോഗിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം രാജ്യത്തിന് വന്‍തോതില്‍ വിദേശ നാണയവും നേടിത്തരുന്നുണ്ട്. ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശത്തിന്റെയും അവിടത്തെ ജനങ്ങളുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.