X

പതിനായിരങ്ങള്‍ക്ക് ഇഫ്താര്‍ വിഭവങ്ങളും ആഗോള വിശപ്പകറ്റാന്‍ ബില്യന്‍ മീല്‍സും: ലോകശ്രദ്ധ നേടി യുഎഇ

റസാഖ് ഒരുമനയൂര്‍

അബുദാബി: ആഗോള വിശപ്പകറ്റുന്നതിലും നോമ്പുകാര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയ യുഎഇ ലോകജനശ്രദ്ധ നേടി. എക്കാലവും കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയായി അറിയപ്പെടുന്ന യുഎഇ ആഗോള വിശപ്പകറ്റുന്നതിനായി ഏര്‍പ്പെടുത്തിയ ബില്യന്‍ മീല്‍സ് പദ്ധതി ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായി മാറി.

പട്ടിണി രാജ്യങ്ങളിലേക്ക് ഒരുകോടി ഭക്ഷണപ്പൊതിയെന്ന സന്ദേശവുമായി ദുബൈ ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ ‘ബില്യന്‍ മീല്‍സ്’ പദ്ധതിയിലേക്ക് വാണിജ്യ-വ്യവസായ മേഖലയില്‍നിന്നുള്ള അനേകങ്ങളാണ് കോടികള്‍ നല്‍കി തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്.

പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി ഒരു കോടി ദിര്‍ഹമാണ് ഇതിനായി നല്‍കിയത്. വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഷംസീര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വന്‍കതുക നല്‍കി അധികൃതരുടെ ശ്രദ്ധ നേടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മറ്റു അവശ്യവസ്തുക്കളും നല്‍കി യുഎഇ പതിറ്റാണ്ടുകളായി കാരുണ്യരംഗത്ത് അത്ഭുതം സൃഷ്ടിക്കുന്ന രാജ്യമാണ്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ ലഭ്യമാക്കിയിരുന്നു. പാതയോരങ്ങളില്‍ നോമ്പുകാരെ കാത്തുനിന്നു അബുദാബി പൊലീസ് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റുകള്‍ വിതരണം ചെയ്തു.
ഇതര എമിറേറ്റുകളിലും വിവിധ മേഖലകളിലുള്ളവര്‍ ഇത്തരത്തില്‍ റോഡുകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ പ്രയാസപ്പെടരുതെന്നും വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിക്കരുതെന്നും പൊലീസ് അറിയിച്ചിരുന്നു. റെഡ്ക്രസ്സന്റ് സൊസൈറ്റിയും തങ്ങളുടെ ഇഫ്താര്‍ കൂടാരങ്ങള്‍ക്കുപുറമെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചുനല്‍കി.

ഈത്തപ്പഴം, കുപ്പിവെള്ളം, ജ്യൂസ്, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കറ്റുകളാണ് വഴിയോരങ്ങളില്‍ വിതരണം ചെയ്യുന്നത്.

webdesk13: