X

ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിന് വീട് തകര്‍ത്തു; മധ്യപ്രദേശില്‍ ഇന്നലെ മാത്രം തകര്‍ത്തത് 13 വീടുകള്‍

ഫ്രിഡ്ജില്‍ പശുവിറച്ചി കണ്ടെത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ പൊലീസ് 11 വീടുകള്‍ തകര്‍ത്തു. സംസ്ഥാനത്തെ അനധികൃത ബീഫ് വ്യാപാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ഗോത്ര മേഖലയായ മാന്‍ഡലയിലെ വീടുകളില്‍നിന്ന് പശുവിറച്ചി പിടിച്ചെടുത്തതായും വീടുകളുടെ പിറകുവശത്ത് അറുക്കാനായി കെട്ടിയിട്ട നിലയില്‍ പശുക്കളെ കണ്ടെത്തിയെന്നും മാന്‍ഡല പൊലീസ് സൂപ്രണ്ട് രജത് സക്ലേച്ച അവകാശപ്പെട്ടു. 11 പേരുടെ വീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലായതിനാല്‍ അവ മുഴുവന്‍ പൊളിച്ചതായും അറിയിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തങ്ങള്‍ വീടുകളുടെ പിന്‍വശത്ത് 150 പശുക്കളെ കണ്ടെത്തിയെന്നും റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച ഇറച്ചിക്കു പുറമെ പശുക്കൊഴുപ്പ്, തൊലി, എല്ലുകള്‍ എന്നിവ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

പ്രാദേശിക വെറ്ററിനറി ഡോക്ടര്‍ ഇത് പശുവിറച്ചി തന്നെയാണെന്ന് സ്ഥിരീകരിച്ചതായും രണ്ടാംഘട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായും എസ്.പി സക്ലേച്ച പറഞ്ഞു. സംഭവത്തില്‍ കേസ് എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് പത്തു പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും സക്ലേച്ച അറിയിച്ചു.

കഴിഞ്ഞ ദിവസം, മധ്യപ്രദേശിലെ ജയോറയില്‍ ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിലെത്തിയ രണ്ട് പേര്‍ പശുവിന്റെ ശരീരഭാഗങ്ങള്‍ ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവ?രെയും അറസ്റ്റ് ചെയ്തുവെന്നുമാണ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിങ് പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങള്‍ ആദ്യം ശ്രദ്ധിച്ചത്. ഇയാള്‍ പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തതെന്നും അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിരുന്നു.

webdesk13: