കൊണ്ടോട്ടി: മാപ്പിളപ്പാട്ട് കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മനസ്സ്‌തൊടുന്ന കുറിപ്പുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍നിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണമെന്ന് ജോയ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമം മരണത്തിന് കാരണമായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുമ്പ് മരിച്ചത്.
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തിരുന്നു.
കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയായി രണ്ടു തവണ ചുമതലയേറ്റത് സിപിഎം നോമിനി ആയാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു റസാഖ്.