യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിന് തെറ്റായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ വഴി ചിലര്‍ സ്വാധീനം ചെലുത്തിയതായി വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ വെറുതെ വിടില്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ന്യൂറോ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഹാജരാക്കിയിരുന്നു. പക്ഷേ കോടതി പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ വച്ച് നടത്തിയത് ബി.പി പരിശോധനയാണ്. ആര്‍എംഒയെ സ്വാധീനിച്ച് യഥാര്‍ത്ഥ ബി.പി രേഖപ്പെടുത്താതെയിരുന്നെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആശുപത്രി വിശ്രമം നിര്‍ദേശിച്ച രാഹുല്‍ ജയിലിലേക്ക് പോകേണ്ടി വരുമോ എന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് ഭയം ഉണ്ടായിരുന്നു. അത് ജയിലില്‍ പോകുന്നത് കൊണ്ടുള്ള ഭയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ പോകേണ്ട ആളുകളെ ഇടതും വലതും നിര്‍ത്തിയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ പരസ്യമായി നിയമം ലംഘിക്കുന്നു. കുഴപ്പങ്ങളുടെ ഒക്കെ തുടക്കം മുഖ്യമന്ത്രിയാണെന്ന് ആഞ്ഞടിച്ച പ്രതിപക്ഷനേതാവ് സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് ചൂണ്ടിക്കാട്ടി.