X

വയനാടിനായി സംസ്ഥാനമാകെ കാരുണ്യ യാത്ര: ബസുടമകള്‍ 25 വീടുകള്‍ നിര്‍മിച്ചു നല്‍കും

വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട സഹോദരങ്ങളുടെ പുനരധിവാസത്തിനായി 25 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു.
ഇതിനായി സംസ്ഥാനമൊട്ടാകെ കാരുണ്യ യാത്രകള്‍ സംഘടിപ്പിക്കും. ഇക്കഴിഞ്ഞ ഏഴിന് എറണാകുളം ജില്ലയിലും 16ന് ഇടുക്കിയിലും 17 കണ്ണൂരിലും കാരുണ്യയാത്രകള്‍ സംഘടിപ്പിച്ചു.
മലപ്പുറം ജില്ലയില്‍ 22ന് കാരുണ്യയാത്ര സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതേ ദിവസം കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലും കാരുണ്യ യാത്ര നടക്കും. ഈ ദിവസങ്ങളില്‍ ടിക്കറ്റ് നല്‍കി ബസ് ചാര്‍ജ് ഈടാക്കുന്ന രീതിയായിരിക്കില്ല. പകരം ജീവനക്കാര്‍ ബക്കറ്റുമായി യാത്രക്കാരെ സമീപിക്കും.
തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക യാത്രക്കാര്‍ക്ക് നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന തുകയില്‍ ബസ് ഉടമകളുടെ വരുമാനം മാത്രമല്ല തൊഴിലാളികളുടെ വേതനവും വീട് നിര്‍മാണ ഫണ്ടിലേക്ക് നല്‍കും. യാത്രക്കാര്‍ കഴിയുന്നതും സ്വന്തം വാഹനങ്ങളുപയോഗിക്കുന്നതിന് പകരം ബസ് യാത്ര നടത്തി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് ബ്രൈറ്റ് നാണി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുഹമ്മദലി ഹാജി, പാസ് മാനു, പക്കീസ കുഞ്ഞിപ്പ, മൈ ബ്രദര്‍ മജീദ്, റഷീദ് പൊന്നാനി, റോയല്‍ അഷ്റഫ്, ശിശുപാലന്‍, കെകെബി കുഞ്ഞിപ്പ, സജറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

webdesk13: