X

‘താലിമാലയും സിന്ദൂരവും എവിടെ’; ഉത്തരാഖണ്ഡിൽ ക്രിസ്തുമത പ്രാർഥനക്കെത്തിയവർക്കു നേരെ ഹിന്ദുത്വസംഘത്തിന്റെ ആക്രമണം

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്തുമത പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെ തീവ്ര ഹിന്ദുത്വരുടെ ആക്രമണം. ജൂലൈ 14നാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ഥന സംഗമം നടന്നത്. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം തീവ്ര ഹിന്ദുത്വ അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി. സ്ത്രീകളും കുട്ടികളുമടക്കം പ്രാര്‍ഥന സംഘത്തിലുണ്ടായിരുന്നു.

അതിക്രമിച്ചു കയറിയ സംഘം പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ അസഭ്യവര്‍ഷവും നടത്തി. അക്രമത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാര്‍ഥിക്കാനെത്തിയവരുടെ കൂട്ടത്തില്‍ കൈക്കുഞ്ഞുമായി ഒരു യുവതിയുമുണ്ടായിരുന്നു. യുവതി സിന്ദൂരവും താലിയും ധരിക്കാത്തതിനെയും അക്രമികള്‍ ചോദ്യം ചെയ്തു. കുട്ടികളെ പോലും സംഘം വെറുതെ വിട്ടില്ല. അവരുടെ തലയില്‍ കുത്തിപ്പിടിച്ച് എന്തിനാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയതെന്ന് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ചയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കരുതെന്ന് താക്കീതും നല്‍കി.

ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മുന്‍ സൈനികനെന്ന് അവകാശപ്പെടുന്ന ഇയാള്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ദേവേന്ദ്ര ദോഭാല്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

”അവര്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. എന്താണ് കാര്യമെന്ന് അവരോട് ചോദിച്ചു. മറുപടി പറയാതെ അവര്‍ മുറിക്കുള്ളില്‍ കയറി ഞങ്ങള്‍ മതപരമായ സംഭാഷണം നടത്തുകയാണെന്ന് പറഞ്ഞ് ആക്രോശിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് അവരോട് പറഞ്ഞു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ, അവര്‍ ഞങ്ങളോട് ആക്രോശിക്കാന്‍ തുടങ്ങി.

ഞങ്ങളുടെ വിശ്വാസത്തില്‍പെട്ടവര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂരം ധരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ ചെയ്യുന്നതിനൊന്നും മറ്റൊരാളോട് മറുപടി പറയേണ്ടതില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. അതിനു ശേഷം ഞങ്ങളുടെ വീട് അവര്‍ തകര്‍ത്തു.”-അക്രമത്തെ കുറിച്ച് പാസ്റ്റര്‍ രാജേഷ് ഭൂമിയുടെ ഭാര്യ ദീക്ഷ പോള്‍ പറയുന്നത് ഇങ്ങനെയാണ്.

ഹിന്ദുത്വ സംഘം തങ്ങളുടെ മാതാപിതാക്കളെ തല്ലിച്ചതക്കുന്നത് കുട്ടികള്‍ ദയനീയമായി നോക്കി നിന്നു. ഞങ്ങളുടെ ലാപ്‌ടോപ്പുകള്‍ അവര്‍ തറയിലേക്കെറിഞ്ഞു. എന്റെ മകന് ആറു വയസേ ഉള്ളൂ. മകള്‍ക്ക് ഒരു വയസും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായാണ് എല്ലാവരും പ്രാര്‍ഥനക്കെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അക്രമികളുടെ പേരിലുള്ള വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ കൊള്ളയടിച്ചാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നതെന്നാണ് അക്രമികള്‍ ഒരു വിഡിയോയില്‍ ആരോപിക്കുന്നത്. അവര്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

 

webdesk13: