മധ്യപ്രദേശിലെ ഒരു മിശ്ര വിവാഹത്തെ ചൂണ്ടി വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വിവാദ ബി.ജെ.പി എം.എല്‍.എയും ഹിന്ദുത്വ നേതാവുമായ ടി.രാജ. പ്രത്യേക വിവാഹ നിയമപ്രകാരം കലക്ടേറ്റില്‍ അപേക്ഷ നല്‍കിയ ദമ്പതികളുടെ വിവാഹമാണ് വിദ്വേഷത്തിന് ആധാരം.
ജബല്‍പൂരിലെ മുസ്‌ലിം യുവാവും ഇന്‍ഡോറിലെ ഹിന്ദു യുവതിയും കഴിഞ്ഞ ദിവസം വിവാഹത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ ചുവടു പിടിച്ചാണ് ബി.ജെ.പി എം.എല്‍.എ പുതിയ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുന്നത്.
‘അപേക്ഷ സമര്‍പ്പിക്കും മുന്‍പ് ആ മനുഷ്യന്‍ മതംമാറിയോ ഇല്ലെങ്കില്‍ ഇത് ലൗ ജിഹാദാണ്. മുസ്‌ലിം പുരുഷന്മാരുടെ കെണിയില്‍ വീണ് ക്രൂരമായ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളുടെ കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം.’ എന്ന് രാജ പറയുന്നു.
ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയ വിഡിയോയില്‍ പറഞ്ഞു. അതേസമയം, വിവാഹം വിവാദമായതോടെ പൊലീസ് സംരക്ഷണത്തിനായി യുവതി കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ഇവര്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ സമാന സാഹചര്യത്തില്‍ മുസ്!ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുപുരുഷന്മാര്‍ക്കും പൊലീസ് സുരക്ഷ ഒരുക്കുമോയെന്നും രാജ ചോദിക്കുന്നു.
തീവ്ര ഹിന്ദുത്വ സംഘടനകള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഇവരുടെ വിവാഹം വിവാദമായി മാറുന്നത്. ഇതോടൊപ്പം ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങള്‍ കൂടുതല്‍ എരിവ് പകരുകയാണ് ചെയ്തത്. നേരത്തെയും വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയയാളാണ് ബി.ജെ.പി എം.എല്‍.എ ടി.രാജ.