X

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്: ‘സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്, അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നാലരക്കൊല്ലക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്: വി ഡി സതീശന്‍

കൊച്ചി: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നാലരക്കൊല്ലക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റിയും സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളത്, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നാണ്. റിപ്പോര്‍ട്ട് പുറത്തു വിടുന്നെങ്കില്‍, സുപ്രീംകോടതി പറഞ്ഞിട്ടുള്ള ഉത്തരവ് പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി വ്യാഖ്യാനിച്ച്, ഈ റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവിടരുത് എന്നാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിനിമാ കോണ്‍ക്ലേവ് നടത്തുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. ആരോപണ വിധേയരെയും ഇരകളെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്. സ്ത്രീത്വത്തിന് നേരെയുള്ള അപമാനമായിരിക്കും സിനിമാ കോണ്‍ക്ലേവ്. ഒരു കാരണവശാലും അതു നടത്താന്‍ പാടില്ല. സിനിമയിലെ എല്ലാവരും കുറ്റക്കാരൊന്നുമല്ല, എന്നാല്‍ കുറ്റം ചെയ്ത ആളുകളെ, പോക്‌സോ അടക്കമുള്ള കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇതിനുള്ള നടപടിയെടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ നടപടികളിലേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 100 കൊല്ലം മുമ്പ് ഏറ്റവും പിന്നാക്കം നിന്ന ജനങ്ങളെ ഔട്ട്കാസ്റ്റ് എന്നു പറയും, എന്നു വെച്ചാല്‍ അവര്‍ ജാതിക്ക് പോലും പുറത്താണ്. അതുപോലെയാണ് സിനിമാലോകത്ത് പാവപ്പെട്ട സ്ത്രീകള്‍. പഴയ ഔട്ട്കാസ്റ്റിന്റെ അവസ്ഥയിലാണ് സിനിമാലോകത്തെ ഇരകളാക്കപ്പെട്ട സ്ത്രീകള്‍. അവര്‍ക്ക് ഇത്രയും വലിയ ചൂഷണം ഏറ്റുവാങ്ങിയവരെ ചേര്‍ത്തു പിടിക്കാന്‍ ഈ സഹോദരന്മാരെ ആരെയും കാണുന്നില്ലല്ലോ. സത്യത്തില്‍ അതു കാണുമ്പോള്‍ വിഷമമുണ്ട്.

സിനിമാക്കാരെ എല്ലാവരെയും പൊതുവല്‍ക്കരിച്ച് കുറ്റപ്പെടുത്തിയിട്ടില്ല. കുറ്റക്കാരെ മാത്രമാണ് പറഞ്ഞത്. കുറ്റക്കാരെ സംരക്ഷിക്കാന്‍ ആരും ഇറങ്ങേണ്ട. ഇരകള്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. അതിന്റെ പെന്‍ഡ്രൈവ് അടക്കമുള്ള തെളിവുകളുമുണ്ട്. ഇതുസംബന്ധിച്ച നിരവധി മൊഴികളാണുള്ളത്. ഗുരുതരമായ കുറ്റങ്ങളാണ് നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആ വിവരങ്ങള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. മൊഴിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് സീനിയറായ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് അന്വേഷിക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്ക് മുമ്പാകെ ഇരകള്‍ കൊടുത്ത മൊഴിയും തെളിവുകളും ഉള്ളപ്പോള്‍, സര്‍ക്കാര്‍ ആരുടെ പരാതിയാണ് അന്വേഷിച്ചു പോകുന്നത്?. ഡബ്ലിയുസിസി ഇന്നലെ എന്താണ് പറഞ്ഞത്. പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് അവരും പറയുന്നത്. ഇതേ ഇരകളെക്കൊണ്ട് വീണ്ടും പരാതി കൊടുക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണ്. നിയമപരമായും ധാര്‍മ്മികമായും തെറ്റാണ്. പരിഷ്‌കരിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് നിയമതടസ്സമില്ലെന്ന മന്ത്രി കെഎന്‍ ബാലഗോപാലിന്റെ അഭിപ്രായം ശരിയാണ്. അദ്ദേഹം പറഞ്ഞത് പ്രതിപക്ഷം പറയുന്നത് തന്നെയാണ്. കേസെടുക്കണമെന്ന് തന്നെയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കേസെടുക്കാതെ ഒളിച്ചു വെച്ചാല്‍ അവര്‍ക്ക് ആറുമാസം തടവുശിക്ഷ വിട്ടുമെന്നാണ് നിയമത്തില്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

webdesk14: