X

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങര, ചാല മാര്‍ക്കറ്റ്, തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. സ്മാര്‍ട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സ്ഥിതിയാണ്.

വെള്ളം കയറിയ പ്രധാന പ്രദേശങ്ങളില്‍ മേയര്‍ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി കച്ചവടക്കാര്‍ക്ക് ഉണ്ടായിരുന്നു. പിന്നാലെയാണ് മേയര്‍ സന്ദര്‍ശിച്ചത്. എന്നാലും പ്രധാനപ്പെട്ട താഴ്ന്ന സ്ഥലങ്ങളില്‍ മേയര്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. വെള്ളക്കെട്ട് രൂക്ഷമായ കൊത്തുവാള്‍ സ്ട്രീറ്റ് മേയര്‍ സന്ദര്‍ശിച്ചില്ല.

വ്യാപാരികളും നാട്ടുകാരും അവിടെ പ്രതിഷേധിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അട്ടക്കുളങ്ങരയില്‍ മിക്ക വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.

ചാല മാര്‍ക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴ തുടര്‍ന്നാണ് വെള്ളക്കെട്ട് തീര്‍ത്തും ദുരിതമാകും. മുട്ടത്തടയിലും വീടുകളിലെല്ലാം വെള്ളം കയറി. ഇതോടെ മിക്കവര്‍ക്കും വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. എല്ലാ വര്‍ഷവും മഴ പെയ്താല്‍ ഇതാണ് സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്‍ഡിആര്‍എഫിന്റെ രണ്ടു ടീം തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

webdesk13: