ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കും പറയാനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാല്‍ തന്നെ സംസാരിക്കന്‍ അനുവദിച്ചില്ല.
‘എന്താണ് ലോക്‌സഭയില്‍ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കര്‍) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. ഞാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് നമുക്ക് പറയാന്‍ അനുവാദമില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. 7-8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.