തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്റെ പ്രകടനപത്രികയോ അതോ മുസ്ലിം ലീഗിന്റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്റെ പേരിലാണ് നടപടി.
ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.