ഗണ്‍മാന്‍ അനില്‍കുമാര്‍ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില്‍; ഇന്നും ചോദ്യംചെയ്യലിന് ഹാജരായില്ല

ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഗണ്‍മാന്‍ അനില്‍കുമാറിന്റെ വിശദീകരണം.

ഇന്ന് ഡ്യൂട്ടിയുള്ളതിനാല്‍ അവധി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇ മെയില്‍ മുഖേനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന് വീണ്ടും സമന്‍സ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്.

ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് 3 ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കേസില്‍ അനില്‍കുമാര്‍ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

പരാതിക്കാരായ അജയ് ജ്യുവല്‍ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയശേഷം മര്‍ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അജയിനും തോമസിനും തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്‌ഐആറിലുണ്ട്.

webdesk13:
whatsapp
line