പ്രണയവിവാഹത്തിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഇത്തരം വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നതിന് ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
പാട്ടിദാര്‍ സമുദായ സംഘടന ഞായറാഴ്ച മെഹ്‌സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ‘പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സംഭവങ്ങള്‍ പരിശോധിക്കണമെന്നും ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഒരു പഠനം നടത്തണമെന്നും ഇവിടേക്ക് വരുമ്പോള്‍ സംസ്ഥാന ആരോഗ്യമന്ത്രി ഋഷികേശ്ഭായ് പട്ടേല്‍ എന്നോട് പറഞ്ഞു. പ്രണയവിവാഹത്തില്‍ മാതാപിതാക്കളുടെ സമ്മതം ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യാമെന്ന് ഞാന്‍ ഉറപ്പുനല്‍കി’ മുഖ്യമന്ത്രി പറഞ്ഞു.
2015ല്‍ സമുദായ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പട്ടീദാര്‍ സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെ നിരവധി പാട്ടിദാര്‍ നേതാക്കള്‍ പങ്കെടുത്തു.
പെണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് ഒളിച്ചോടിപ്പോകുമ്പോള്‍ അവളുടെ കുടുംബമാണ് തകരുന്നത്. അവര്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ ഒളിച്ചോടുകയും പിന്നീട് ഖേദിക്കുകയും ചെയ്ത നിരവധി കേസുകള്‍ എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ സമ്മതം വിവാഹത്തിന് നിര്‍ബന്ധമാക്കണം.