X

സര്‍ക്കാറിന്റെ രാഷ്ട്രീയ അസഹിഷ്ണുതയില്‍ ഇരുളടയുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഷ്ട്രീയ അസഹിഷ്ണുതയില്‍ ഇരുളടയുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയാണെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്ത് ശാശ്വത പരിഹാരം കാണണമെന്നും മുസ്‌ലിം ലീഗ്‌  ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്ലസ്‌വണ്‍ ബാച്ച് വിഷയത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പിന്നാക്ക ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ എവിടെയെങ്കിലും പഠിച്ചാല്‍ മതിയെന്ന ഇടതു സര്‍ക്കാര്‍ നിലപാട് ശരിയല്ല. എന്തിനാണ് ഈ വിവേചനവും പിശുക്കുമെന്ന് മനസിലാവുന്നില്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ളിടത്ത് പഠിക്കാന്‍ അവകാശമുണ്ട്.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നീതി ലഭിക്കുമെന്നും ഇല്ലെങ്കില്‍ രണ്ടാംകിട പൗരന്‍മാരാവുമെന്നും പറയുന്നവര്‍ പ്രവര്‍ത്തിയില്‍ ഇത് കാരണിക്കാന്‍ തയ്യാറാവണം. നിലപാടുകള്‍ തെരഞ്ഞെടുപ്പ് വരുമ്പോഴുള്ള പരസ്യങ്ങളിലൊതുക്കരുത്. പാലം കടന്നാല്‍ കൂരായണ നിലപാട് നിര്‍ത്തണം. ചില ജില്ലകളില്‍ നീതികാരിക്കാന്‍ കഴിയാത്ത അന്തരമാണ് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തിലുള്ളത്. ഇതിന് സാശ്വത പരിഹാരം വേണം. യു.ഡി.എഫ് അധികാരത്തിലിരുന്ന സമയത്ത് അനുവദിച്ച സീറ്റുകളിലാണ് ഇന്നും മേല്‍പറഞ്ഞ ജില്ലക്കാര്‍ പഠിക്കുന്നത്. അന്ന് സീറ്റനുവദിച്ചപ്പോള്‍ വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിച്ച് സമരം ചെയ്തവരാണ് സി.പി.എമ്മുകാര്‍.

ഈ അസഹിഷ്ണുത അവസാനിപ്പിക്കണം. മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരം പുലര്‍ന്നാല്‍ സീറ്റു തേടി അലയുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇതിനു പരിഹാരം കാണണം. ന്യായമായ കാര്യങ്ങള്‍ പറയുമ്പോള്‍ നിഷേധിക്കുന്ന നിലപാട് ശരിയല്ല. എങ്ങനെ പറഞ്ഞവരെല്ലാം അവസാനം മുട്ടു മടക്കിയ ചരിത്രമാണുള്ളത്. ജനങ്ങള്‍ അതിനുള്ള പണി വൈകാതെ തരും. യു.ഡി.എഫ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. പറഞ്ഞു.

മുസ്‌ലിം ലീഗ്‌  സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി സൈതലവി, സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, നാലകത്ത് സൂപ്പി, പി.കെ അബ്ദുല്‍ റബ്ബ്, സുഹറ മമ്പാട്, അഡ്വ. എം റഹ്മത്തുല്ല. എം.എല്‍.എമാരായ അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീന്‍, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രസംഗിച്ചു. മുസലിം ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

webdesk13: