മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ബാറുകളുടെ എണ്ണം ദിനംപ്രതി വര്‍ധിപ്പിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ. ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ പാവപ്പെട്ട ജനതയുടെ ബലഹീനത ചൂഷണം ചെയ്യുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജന സമിതി പറഞ്ഞു.
വിദ്യാലയങ്ങളുടെയും ആരാധനലായങ്ങളുടെയും സമീപത്തേക്ക് ബാറുകള്‍ കൂടി എത്തിക്കാനുള്ള നീക്കം ആരോടുള്ള വെല്ലുവിളിയാണെന്ന് സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപോലീത്ത ചോദിച്ചു. ലഹരിമുക്ത ഭവനം, ലഹരിമുക്ത ഇടവക, ലഹരിമുക്ത സഭ, ലഹരിമുക്ത നാട് ഇതാണ് സഭ ലക്ഷ്യം വെക്കുന്നത്. നാടിന്റെ നന്മക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ മദ്യലോബികളുടെ പിന്നലെ പോകുന്നത് ഭാവി തലമുറയെ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും സഭ വിമര്‍ശിച്ചു.
പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുമ്പോള്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും. നെല്‍കര്‍ഷകര്‍ ഇപ്പോള്‍ തന്നെ വെള്ളം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും കൃഷിക്കാരെയും സാധാരണ മനുഷ്യരെയും പരിഗണിക്കാതെയുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ ജനാധിപത്യ മര്യാദയല്ലെന്നും മെത്രാപോലീത്ത ചൂണ്ടിക്കാട്ടി.ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് സമിതി ഭാരവാഹികളായ ഫാ കുര്യാക്കോസ് തണ്ണിക്കോട്ട്, ഫാ മാത്യൂസ് വട്ടിയാനിക്കല്‍, ഫാ വര്‍ഗീസ് ജോര്‍ജ് ചേപ്പാട്, ഫാ തോമസ് ചകിരിയില്‍, അലക്‌സ് മണപ്പുറത്ത്, ഡോ റോബിന്‍ പി മാത്യു, ഫാ ബിജു ആന്‍ഡ്രൂസ് എന്നിവര്‍ അറിയിച്ചു.