കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറിക്ക് സിംഗപ്പൂരിൽനിന്നു വലിയൊരു ഓർഡർ കിട്ടി. രാവിലെ 8നു മുൻപെങ്കിലും ലോഡ് സിംഗപ്പൂരിലെത്തണം. പഴം, പച്ചക്കറി ഇനങ്ങളാണു വേണ്ടത്. മിക്ക ദിവസവും ഓർഡർ ഉണ്ടാകും.
കേട്ടാൽ ഒഴിവാക്കാനാകാത്ത കരാർ. ഇദ്ദേഹം ഓർഡർ വേണ്ടെന്നുവച്ചു. കാരണം, കയറ്റുമതി ചെയ്യാനുള്ളതു കരിപ്പൂർ വിമാനത്താവളത്തിൽനിന്നാണ്. രാവിലെ സിംഗപ്പൂരിലെത്തുന്ന ഒരു വിമാനവും ഇവിടെനിന്നില്ല. പഴങ്ങളും പച്ചക്കറികളും കുറഞ്ഞ സമയംകൊണ്ടു കേടാകും എന്നതിനാൽ മറ്റു പരീക്ഷണങ്ങൾക്കു നിൽക്കാതെ കരിപ്പൂർ വഴി കിട്ടുന്ന ഓർഡർ ഒഴിവാക്കാറാണു മിക്ക കയറ്റുമതി ഏജൻസിക്കാരും ചെയ്യാറുള്ളത്.
അല്ലെങ്കിൽ മറ്റേതെങ്കിലും വിമാനത്താവളം വഴി കൊണ്ടുപോകാനാകുമോ എന്നാലോചിക്കണം. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വരുമാനം, വിദേശനാണ്യ വരവ് എന്നിവയെയെല്ലാം വിമാനങ്ങളുടെ കുറവു ബാധിക്കുന്നുണ്ട്.ഓരോ രാജ്യത്തെയും പ്രാദേശിക സമയം രാവിലെ ഏഴിനും എട്ടിനും മുൻപു ചരക്കു കിട്ടണം എന്ന തരത്തിലായിരിക്കും മിക്ക ഓർഡറും. നേരിട്ടു വിമാനമില്ലെങ്കിലും മറ്റു പല രാജ്യങ്ങളിലേക്കും കരിപ്പൂർ വഴി യാത്ര ചെയ്യാം.
യുഎഇയാണു പ്രധാന ഇടത്താവളം. അവിടെയിറങ്ങി കണക്‌ഷൻ വിമാനം ലഭിക്കും. എന്നാൽ, യാത്രയെപ്പോലെയല്ല ചരക്കുകയറ്റുമതി. പെട്ടെന്നു കിട്ടേണ്ട പഴം, പച്ചക്കറി ഇനങ്ങൾക്ക് ഇറങ്ങിക്കയറിയും ചുറ്റിത്തിരിഞ്ഞുമുള്ള യാത്ര എപ്പോഴും പരീക്ഷിക്കാനാകില്ല. അതുകൊണ്ടുതന്നെ കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും മറ്റും ചരക്കെത്തിച്ച് അവിടെനിന്നു കൊണ്ടുപോകുകയാണു പലരും.