ആശാസമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. ആശമാര്‍ അടിക്കടി ആവശ്യങ്ങള്‍ മാറ്റുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവര്‍ മറച്ചുപിടിക്കുന്നുവെന്നുമായിരുന്നു വിമര്‍ശനം. ആശവര്‍ക്കര്‍മാരുടെ കാര്യത്തില്‍ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണമെന്നും കേന്ദ്ര നയം തിരുത്താന്‍ യോജിച്ച സമരത്തിന് തയ്യാറാകണമെന്നും ദേശാഭിമാനി മുഖപത്രത്തില്‍ പറയുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ആശമാരെ ഇനിയും പരിഗണിക്കില്ലെന്ന് സത്യം ഈ മുഖ പ്രസംഗത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഇപ്പോഴും പരസ്പരം പഴിചാരി മുന്നോട്ട് പോവുകയാണ്.
ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 32 ദിവസം പിന്നിടുകയാണ്. നാടും നഗരവും ഉത്സവലഹരിയില്‍ ആറാടുമ്പോള്‍ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശാമാരുടെ തീരുമാനം. ഇന്നലെ നടന്ന മുഖ്യമന്ത്രി ധനമന്ത്രി കൂടിക്കാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം അടക്കം ഉന്നയിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് നേരത്തെ നല്‍കിയ ഉറപ്പ്. എന്നാല്‍ അത് ഉണ്ടായില്ല. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിലുമുണ്ട് ആശാമാര്‍ക്ക് നിരാശ. സമരത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനും ആശമാര്‍ തീരുമാനിച്ചിട്ടുണ്ട്.