തൃശൂര്‍ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.
കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. കുട്ടികള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ പിന്നാലെ പോയ കബീറും ഷാഹിനയും ഒഴുക്കില്‍പെടുകയായിരുന്നു. പുഴയില്‍ ഇതേ സ്ഥലത്ത് ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പിന്നാലെ കബീറിനെയും രണ്ടുകുട്ടികളെയും കണ്ടെത്തുകയായിരുന്നു. പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണതായി ദൃക്സാക്ഷികള്‍ പറയുന്നു. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ ഈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു.