X

ഇടുക്കി പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് മരണം. മാവേലിക്കര സ്വദേശികളായ രമ മോഹന്‍ , സംഗീത്, അരുണ്‍ ഹരി, ബിന്ദു എന്നിവരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് മാവേലിക്കരയില്‍ നിന്നും വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

ഇന്നലെ മൂന്ന് മണിക്ക് മാവേലിക്കര ഡിപ്പോയില്‍ നിന്നും പുറപ്പെട്ട ബസില്‍ 34 പേരാണ് ഉണ്ടായിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. ഏകദേശം 30 അടി താഴ്ചയില്‍ മരങ്ങളില്‍ തട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് ബസ് കണ്ടെത്തിയത്. ബസ് താഴേക്ക് പതിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റടക്കം തകര്‍ന്നിട്ടുണ്ട്. മുണ്ടക്കയത്തിനും പീരുമേടിനും ഇടയിലുള്ള സ്ഥലമാണ് അപകടം നടന്ന പുല്ലുപാറ. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള പ്രദേശമാണിത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

പരിക്കേറ്റവരെ പീരുമേട്, മുണ്ടക്കയം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗതമന്ത്രി നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവ് അന്വേഷിക്കും.

webdesk18: