മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് രാഷ്ട്രം. രാജ്യത്തിന് നാണക്കേടായി മാറിയ മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടനാണെന്നതും വേദനാജനകം. സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഈ വിമുക്തഭടന്‍.
അസം റെജിമെന്റിന്റെ സുബേദാറായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച ആളാണ് ഇരയുടെ ഭര്‍ത്താവ്. രാജ്യത്തിനുവേണ്ടി പോരാടിയ തനിക്ക് സ്വന്തം വീടിനെയും ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ കഴിയാതെപോയി എന്ന് വിമുക്തഭടന്‍ പറയുന്നു.
‘കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടി, ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നു. ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു, എന്നാല്‍ വിരമിച്ചതിന് ശേഷം എനിക്ക് എന്റെ വീടിനെയും ഭാര്യയെയും സഹ ഗ്രാമീണരെയും സംരക്ഷിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്’ വിമുക്തഭടന്‍ പ്രതികരിച്ചു.
‘ഞാന്‍ അതീവ ദുഖിതനാണ്. പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും നടപടിയൊന്നും എടുത്തില്ല. വീടുകള്‍ കത്തിച്ചവര്‍ക്കും സ്ത്രീകളെ അപമാനിച്ചവര്‍ക്കും മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.