X

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് ഇന്ന്

മുസ്‌ലിം ലീഗ്‌ മുന്‍കൈയെടുത്ത് നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഡേ നൈറ്റ് മാര്‍ച്ച് നടത്തും. വൈകീട്ട് 4മണിക്ക് വീരുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൂക്കോട്ടൂരില്‍ നിന്നും ആരംഭിച്ച് മലപ്പുറം കുന്നുമ്മല്‍ സമാപിക്കും.

സമാപന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. ഡേ നൈറ്റ് മാര്‍ച്ച് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി മാര്‍ച്ചിന് അഭിവാദ്യങ്ങള്‍ നേരും.

ആരാധനാലയ സംരക്ഷണ നിയമത്തെ മുഖവിലക്കെടുക്കാതെ വരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം ആരാധന നിര്‍വ്വഹിച്ച് വരുന്ന ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജ നടത്താനാണ് കോടതി അനുമതി നല്‍കിയത്. ബാബരി പള്ളി പൊളിച്ച് രാമക്ഷേത്രമുണ്ടാക്കിയതിന് ശേഷം പുതിയ പള്ളികളില്‍ പ്രശ്‌നം ഉന്നയിക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഢലക്ഷ്യത്തിന് ചുവപ്പ് പരവതാനി വിരിക്കുന്ന നിലപാടാണ് കോടതികള്‍ പോലും സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

2024 ലെ തെരഞ്ഞടുപ്പിലെ വിജയത്തിനായി തീവ്ര ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം മതേതര സമൂഹം തിരിച്ചറിയണം. രാജ്യത്തെ മുസ്‌ലിം – ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ കടന്ന് കയറാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ സമൂഹം ഉണരേണ്ടതുണ്ടെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.ഡേ നൈറ്റ് മാര്‍ച്ചില്‍ അണിചേരാന്‍ മതേതര ജനാധിപത്യ വിശ്വാസികളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

webdesk13: