സഹകരണ വിജിലന്‍സ് ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിനെ തട്ടിപ്പുകാരി വി.പി നുസ്രത്ത് (36) വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെയെന്നു വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരില്‍ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായത്. പത്ത് ദിവസം മുമ്പ് മതാചാര പ്രകാരം പെരുമ്പിലാവില്‍ ഇവര്‍ വീണ്ടും വിവാഹിതരായെങ്കിലും രജിസ്‌ട്രേഷന്‍ നടത്താനായില്ല.
തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം എടക്കമുള്ള ജില്ലകളില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത ശേഷം അഭിഭാഷക എന്ന് ബോര്‍ഡ് വച്ചാണ് നുസ്രത്ത് ഇടനില ഇടപാടുകള്‍ നടത്തിയത്. കോടതിക്ക് പുറത്ത് സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം വാങ്ങിയെടുത്ത ശേഷം പ്രതി കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നുവെന്നും കണ്ടെത്തി.
ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തത് കോടികളാണെന്നാണ് സൂചന. 15ഓളം കേസുകള്‍ പല സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്തില്‍ അറസ്റ്റ് ഒഴിവാക്കിയെന്നാണ് വിവരം. ഇവര്‍ക്കെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു.
എന്നാല്‍ പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം. ഇതിനിടെ ഡിവൈഎസ്പിയെ വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തില്‍ നിന്ന് നിയമപരമായി ഒഴിയുന്നതിന് മുമ്പേയാണ് നുസ്രത്ത് ഡിവൈഎസ്പി സുരേഷ് ബാബുവിനെ വിവാഹം കഴിച്ചതെന്ന് വിവരമുണ്ട്. വിവാഹമോചനക്കേസ് കോടതിയില്‍ നിലനില്‍ക്കെ ഇക്കാര്യം ഒളിച്ചുവെന്ന് ഒന്നര വര്‍ഷം മുമ്പ് ആഡംബര പൂര്‍വ്വം വിവാഹം നടത്തി.
കുടുംബക്ഷേത്ര പുനരുദ്ധാരണത്തിനു ട്രസ്റ്റ് രൂപീകരിക്കാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിന്റെ പേരിലും ഇവര്‍ക്കെതിരെ കേസുണ്ട്. തൃശൂര്‍ ജില്ലയില്‍ നെടുപുഴ പൊലീസ് സ്‌റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിന് ഇവര്‍ക്കെതിരെ മുന്‍പു കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഇവര്‍ ഹൈക്കോടതിയെ സമീപിച്ച് ഉപാധികളോടെ ജാമ്യം നേടി.
ജാമ്യവ്യവസ്ഥകള്‍ പാലിക്കാതായപ്പോള്‍ കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് ഉത്തരവിടുകയും ചെയ്തു.