റസാഖ് ഒരുമനയൂര്‍
അബുദാബി: അമിതമായ വിമാനനിരക്ക്, പ്രവാസികളുടെ വോട്ടവകാശം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ സുപ്രധാന വിഷയങ്ങള്‍ ആസ്പദമാക്കി അബുദാബി കെഎംസിസി സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി.
നാലുപതിറ്റാണ്ടിലേറെയായി പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് ഇന്നും ശാശ്വത പരിഹാരമായിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
അവധിക്കാലത്ത് വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിതനിരക്ക്മൂലം നിരവധി പ്രവാസികള്‍ നാട്ടില്‍പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്. പോകുന്നവര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
എന്‍ആര്‍ഐ ക്വാട്ടയുടെ പേരില്‍ വന്‍ചൂഷണത്തിനാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സാധാരണ ഈടാക്കുന്ന നിരക്കിനേക്കാള്‍ പതിന്മടങ്ങാണ് വിദേശമലയാളികളില്‍നിന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. സാധാരണക്കാരായ പ്രവാസികള്‍ക്ക തങ്ങളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം അന്യമായിപ്പോകുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടായിത്തീരുന്നത്.
പ്രവാസി വോട്ടവകാശമെന്ന അതിപ്രധാനമായ ആവശ്യവും ഇതുവരെ തീരുമാനമാനവാതെ നീണ്ടുപോകുന്നതില്‍ കടുത്ത ആശങ്കയുളവാക്കുന്നതായി സെമിനാര്‍ വ്യക്തമാക്കി. പ്രവാസികളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കപ്പെടാന്‍ പ്രവാസി വോട്ട് പ്രാബല്യത്തില്‍ വരുന്നതിലൂടെ സാധ്യമാകുമെന്ന് കെഎംസിസി നേതാവ് എംപിംഎം റഷീദ് അഭിപ്രായപ്പെട്ടു. ഇതിനായി ബന്ധപ്പെട്ടവര്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ പിജി സുരേഷ്‌കുമാര്‍ മോഡറേറ്ററായിരുന്നു. അബുദാബി കെഎംസിസി പ്രസിഡണ്ട ശുക്കൂറലി കല്ലിങ്ങല്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ബീരാന്‍കുട്ടി, അബുദാബി മലയാളി സമാജം പ്രതിനിധി ബഷീര്‍, അനോര പ്രസിഡണ്ട് ബഷീര്‍, ഡോ.മുനീര്‍, യേശുശീലന്‍ (ഇന്‍കാസ്) ഹരീഷ് (എന്‍എസ്എസ്) ജയകൃഷ്ണന്‍ (വടകര എന്‍ആര്‍ആര്‍ഫോറം) അസൈനാര്‍ അന്‍സാരി, റസാഖ് ഒരുമനയൂര്‍, അബ്ദുല്‍നാസര്‍, മുഹമ്മദലി തുടങ്ങിയവര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ സമർപ്പിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് നന്ദി പറഞ്ഞു