സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചന സി.ബി.ഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെ.ബി ഗണേഷ് കുമാര്‍, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ക്ലിഫ് ഹൗസില്‍വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. പീഡനക്കേസുമായി മുന്നോട്ട് പോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.