സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദോകം ആയുര്‍വേദ റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാന്‍ നീക്കം.ആദ്യം റിസോര്‍ട്ട് നടത്തിപ്പും പിന്നീട് ഓഹരിക്കൈമാറ്റവും നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച കരാര്‍ ഈ മാസം 15ന് ഒപ്പുവെക്കുമെന്നാണ് സൂചന.
‘എല്‍ഡിഎഫ് നേതാവിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് നല്‍കുന്നത് ഒരു കൊടുക്കല്‍വാങലാണ്. ഏതായാലും ഇ.പി ജയരാജന്‍ ബുദ്ധിമുട്ടിലായപ്പോള്‍ രക്ഷിക്കാന്‍ ബിജെപി നേതാവ് വന്നല്ലോ. അവര്‍ തമ്മില്‍ സ്‌നേഹമുണ്ടെന്ന്’ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.
ആയുര്‍വേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു നേരത്തെ വൈദേകത്തിലെ ചികിത്സാ നടത്തിപ്പ് ഏല്‍പ്പിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നില്‍ വൈദേകത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവരുമായുള്ള കരാര്‍ റദ്ദാക്കി. തുടര്‍ന്നാണ് പുതിയ പങ്കാളിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്.