കെ.പി ജലീല്‍, ഫിര്‍ദൗസ് കായല്‍പുറം
സി.പി.എം ഇ.പി ജയരാജനെ പ്രതിയാക്കി നടപടിയെടുത്താല്‍ പിണറായിക്കും മറ്റും ഭീഷണിയാകുമെന്നതിനാലാണ് തല്കാലത്തേക്ക് നടപടിയില്‍നിന്ന് ഒഴിവാകല്‍. പിണറായിയുടെ മകള്‍ വീണ അമ്പത് കോടിയൊന്നും തന്റെപക്കലിലില്ലെന്ന് പറഞ്ഞതും അന്തരിച്ച നേതാവിന്റെ മക്കള്‍ക്കായി ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കിയതും മറ്റും ഇ.പി ഉന്നയിച്ചതോടെയാണ് പ്രശ്‌നം തല്കാലത്തേക്ക് അട്ടത്തുവെക്കാനുള്ള തീരുമാനം. ഇക്കാര്യത്തില്‍ ഇരുവിഭാഗവും ധാരണയിലെത്തിയതോടെ പി.ജയരാജന്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇരുനേതാക്കള്‍ക്കും പാര്‍ട്ടിക്കും ക്ഷീണമുണ്ടാകാത്ത വിധം പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസംചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നകുകയുമുണ്ടായി.
ഇന്നലത്തെ യോഗത്തില്‍സെക്രട്ടറിയേറ്റംഗമല്ലാത്തതിനാല്‍ പി.ജയരാജന് പങ്കെടുക്കാനായതുമില്ല. കണ്ണൂരിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പി. ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളി സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റില്‍ ഇ.പി ജയരാജന്റെ വിശദീകരണം. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. എന്നാലത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ.പി വിശദീകരിച്ചു.
അടുത്ത സംസ്ഥാന സമിതി യോഗത്തിലും ഇ.പി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും. തുടര്‍ചര്‍ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക. വിശദീകരണം പാര്‍ട്ടി പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാന സമിതിയില്‍ കൂടി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആരോപണത്തില്‍ ഇ.പിക്കെതിരെ തല്‍ക്കാലം അന്വേഷണംവേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പെടെ ഇപ്പോള്‍ വഹിക്കുന്ന മുഴുവന്‍ ചുമതലകളില്‍ നിന്ന് ഒഴിയുമെന്ന് ഇ.പി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ.പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. ഏറെക്കാലമായി അന്തരീക്ഷത്തിലുള്ള വിവാദം കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജനാണ് ഉന്നയിച്ചത്. എഴുതി നല്‍കാന്‍ അപ്പോള്‍തന്നെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി. ജയരാജനെതിരെ ക്വട്ടേഷന്‍, പാര്‍ട്ടിഫണ്ട് തട്ടിപ്പ് പരാതികള്‍ വന്ന സാഹചര്യത്തില്‍ ഇരുനേതാക്കളെയും അനുനയിപ്പിച്ച് വിവാദം അവസാനിപ്പിക്കാനാകും സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം.
അതേസമയം ഇ.പിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ഹൈക്കോടതി നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സിക്കളുടെ അന്വേഷണം വേണമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകിട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും ഹസന്‍ വ്യക്തമാക്കി.