ഇംഗ്ലീഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസമായിരുന്ന ചാള്‍ട്ടണ്‍ 86ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. 1966ല്‍ ഫിഫ ലോകകപ്പില്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാള്‍ട്ടണ്‍.ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച ചാള്‍ട്ടണ്‍ 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായിരുന്നു.
49 ഗോളുകളാണ് ചാള്‍ട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015ല്‍ വെയ്ന്‍ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്. അതിന് ശേഷം ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം ഹാരി കെയിന്‍ ഓള്‍ ടൈം ടോപ് സ്‌കോററായി.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 758 മത്സരങ്ങള്‍ കളിച്ച ചാള്‍ട്ടണ്‍ 249 ഗോളുകള്‍ നേടി. യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാള്‍ട്ടണ്‍.
ലോകകപ്പ് നേടിയതാണ് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ നേട്ടം. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടത്തില്‍ സുപ്രധാന പങ്കായിരുന്നു ബോബി ചാള്‍ട്ടണ്‍ വഹിച്ചത്. പോര്‍ച്ചുഗലിനെതിരായ സെമിഫൈനലില്‍ നേടിയ 2 ഗോളുകളടക്കം മൊത്തം മൂന്ന് ഗോളുകളാണ് 1966 ലോകകപ്പില്‍ ചാള്‍ട്ടണ്‍ നേടിയത്.