അഷ്‌റഫ് വേങ്ങാട്ട്
മക്ക: പുണ്യ മാസത്തിന്റെ ദിനരാത്രങ്ങൾക്ക് വിട നൽകി വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയിൽ സഊദിയിൽ നാളെ ഈദുൽ ഫിത്വർ. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ വെള്ളിയാഴ്ച്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 29 പൂർത്തിയാക്കിയാണ് സഊദിയും യു എ ഇ , ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്വർ ആഘോഷത്തിലേക്ക് പ്രവേശിക്കുന്നത് . ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തോടൊപ്പം റമസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ച്ച ഈദ് ആഘോഷിക്കും. ഈദാഘോഷിക്കുന്ന ആഗോള മുസ്ലിംകൾക്ക് സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈദുൽ ഫിത്വർ ആശംസകൾ നേർന്നു. സഊദിയിലും ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്വർ ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് മദീനയിലുള്ള സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും ആശംസകൾ അർപ്പിച്ചു .
സഹനത്തിലും ത്യാഗത്തിലും സ്ഫുടം ചെയ്ത മനസ്സോടെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാളിന്റെ ആരവങ്ങളിലേക്ക് പ്രവേശിക്കുന്നത്. സഊദിയിലെ റിയാദിനടുത്ത് ഹോത്താ സുദൈറിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സഊദി സുപ്രിം കൗൺസിൽ നാളെ ഈദുൽ ഫിത്വർ ആയി പ്രഖ്യാപിച്ചത്.
സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സംഭാവനയുടെയും ഉദാത്തമായ സന്ദേശം വിളംബരം ചെയ്യുന്ന ഈദുൽ ഫിത്വർ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ ആഹ്ലാദത്തോടെയാണ് സഊദിയിലെ സ്വദേശി വിദേശി സമൂഹം ആഘോഷിക്കുക . പുണ്യങ്ങളുടെ പൂക്കാലമായ റമസാനിൽ മക്കയിലെയും മദീനയിലെയും തിരുഗേഹങ്ങളിലേക്ക് ഒഴുകിയെത്തിയ ആഗോള വിശ്വാസി സമൂഹവും ഇന്ന് ഈദാഘോഷത്തിൽ പങ്കാളികളാകും. കോവിഡ് ഭീഷണി വിട്ടകന്ന ശേഷം ഏറെ ആശ്വാസത്തിലും ആനന്ദത്തിലുമുള്ള ഈദാഘോഷത്തിലാണ് രാജ്യവും ജനങ്ങളും.
ഈദ് നിസ്കാരങ്ങൾക്കായി രാജ്യത്തെ ഇരുപത്തിയൊന്നായിരത്തോളം മസ്ജിദുകളും ഈദ് ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ നിരവധി ഈദ്ഗാഹുകൾ സംഘടിപ്പിക്കും. കാലാവസ്ഥ മാറ്റം മൂലം മഴയുണ്ടാകുന്ന ഭാഗങ്ങളിൽ ഈദ് ഗാഹുകൾക്ക് മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഈദ് ദിനത്തിൽ സഊദിയുടെ ചില പ്രദേശങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
സൂര്യോദയത്തിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് പെരുന്നാൾ നിസ്കാരം ആരംഭിക്കുക. ഈദ് അവധി ആരംഭിച്ചതോടെ നഗരങ്ങളിൽ കഴിയുന്ന സ്വദേശികളിൽ പലരും ഗ്രാമങ്ങളിലുള്ള അവരുടെ ജന്മനാടുകളിലേക്ക് യാത്ര തുടങ്ങി. കൂടാതെ കുടുംബത്തോടൊപ്പം പുണ്യ ഗേഹങ്ങൾ സന്ദർശിക്കാനും സ്വദേശികൾ മക്കയിലും മദീനയിലും എത്തുന്നതിനാൽ പുണ്യ നഗരങ്ങളിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മക്കയിലെയും മദീനയിലെയും കച്ചവട കേന്ദ്രങ്ങളും വിപണിയും തീർത്ഥാടകരുടെ പ്രവാഹത്തോടെ സജീവമായി.
നാട്ടിൽ ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആഘോഷിക്കുമ്പോൾ കുടുംബത്തോടൊപ്പം ഈദാഘോഷിക്കാൻ പ്രവാസികളും സ്വദേശങ്ങളിലേക്ക് യാത്ര തുടങ്ങി. സ്കൂളവധി തുടങ്ങിയതോടെ കുടുംബങ്ങളും ഹ്രസ്വകാല അവധിക്ക് നാട്ടിലേക്ക് പോകുന്നുണ്ട്. ആഘോഷവേളകളിലും അവധിക്കാലങ്ങളിലും പ്രവാസികളെ പിഴിയുന്ന വിമാനകമ്പനികൾ ഇത്തവണയും ഇരട്ടിയിലധികം യാത്രാക്കൂലി വർധിപ്പിച്ച് യാത്ര ദുരിതമാക്കിയിട്ടുണ്ട്. സമ്പാദ്യമെല്ലാം ഉപയോഗിച്ചാലും കുടുംബത്തോടും കുട്ടികളോടുമൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള സാധാരണ പ്രവാസികളുടെ സ്വപ്നങ്ങളാണ് വിമാനക്കമ്പനികളുടെ കൊള്ള മൂലം വഴിമുട്ടുന്നത്. ആഘോഷവേളകളിലെയും അവധിക്കാലയളവിലെയും ഹൈ സീസൺ ഫെയർ എന്ന വിമാനക്കമ്പനികളുടെ പിടിച്ചുപറി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന കേരള സർക്കാരിന്റെ വാഗ്‌ദാനങ്ങൾ ഇവിടെ ജലരേഖയായി.