X

ഈദ് നല്‍കുന്നത് ഉന്നതമായ സംസ്കാരത്തിന്‍റെ സന്ദേശം: ഹുസൈന്‍ കക്കാട്

ദുബൈ: വ്രതവിശുദ്ധിയുടെ നിറവിലുള്ള വിശ്വാസിക്ക് ഭക്തിനിര്‍ഭരവും പ്രാര്‍ഥനാ നിരതവുമായ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ടും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന്‍ കക്കാട് പ്രസ്താവിച്ചു. ഈദ് ആഘോഷമെന്നത് കേവല വിനോദങ്ങളില്‍ മുഴുകലോ ആര്‍ഭാടങ്ങളിള്‍ അഭിരമിക്കലോ അല്ലെന്നും പ്രത്യുത, മഹിതമായ ഒരു സന്ദേശത്തെ ഉദ്ഘോഷിക്കുകയും ഉന്നതമായ ഒരു സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മലയാളികള്‍ക്കായി ലഭിച്ച രണ്ടാമത്തെ ഈദ്ഗാഹില്‍ ഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിക്കൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലോകത്തെ ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഒരേയൊരു കീര്‍ത്തന മന്ത്രമാണ് ഇന്നുയരുന്നത്. അത് സ്രഷ്ടാവിന്‍റെ ഏകത്വവും മഹത്വവും പ്രകീര്‍ത്തിക്കുകയും അവനെ സ്തുതിക്കുകയും അവനുമുമ്പില്‍ നിസ്സാരനായ മനുഷ്യന്‍ സര്‍വ്വം സമര്‍പ്പിക്കുന്നതിന്‍റെയും തക്ബീര്‍ ധ്വനികളാണ്, അദ്ദേഹം തുടര്‍ന്നു. മാനവരാശിക്ക്‌ മാര്‍ഗ്ഗദര്‍ശനമായി സ്രഷ്ടാവ് അവതരിപ്പിച്ച ദിവ്യസന്ദേശമായ വിശുദ്ധ ഖുര്‍ആനിന് സാക്ഷിയായിട്ടാണ് വ്രതാനുഷ്ഠാനം നിശ്ചയിച്ചിട്ടുള്ളത്. നിഷ്കളങ്കമായി അനുഷ്ഠിച്ച വ്രതത്തിന്‍റെ വിശുദ്ധിയില്‍ വിശ്വാസിക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍.

ആചാരം, അനുഷ്ഠാനം, ആഘോഷം തുടങ്ങിയവ ഇസ്‌ലാമില്‍ കേവലം ഐതിഹ്യത്തിന്‍റെ പിന്‍ബലത്തിലല്ല, മറിച്ച് വസ്തുതാപരവും ആദര്‍ശപരമായ ഉള്ളടക്കമുള്ളവയുമാണ്. അവബോധവും തിരിച്ചറിവും തത്വദീക്ഷയും ഇസ്‌ലാമില്‍ പ്രധാനമാണ്. വിശുദ്ധ ഖുര്‍ആനിലെ ആദ്യവചനം തന്നെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നവയാണ്. അക്ഷരജ്ഞാനമില്ലാതിരുന്ന പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യോട് വായിക്കാനാണ് ആദ്യത്തെ ഉദ്ബോധനം. ആഴക്കടലിന്‍റെ അത്യഗാധതയിലും ആകാശത്തിന്‍റെ അനന്തതയിലും പഠന നിരീക്ഷണങ്ങള്‍ നടത്തുന്ന മനുഷ്യരുടെ മുന്നില്‍പോലും അവരുടെ വൈഞാനിക തൃഷ്ണയെ ഉത്തേജിപ്പിക്കുന്ന ഗ്രന്ഥമായി പരിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നു.

ഇസ്‌ലാമില്‍ ആഘോഷങ്ങള്‍ രണ്ടെണ്ണമേയുള്ളൂ, ഈദുല്‍ ഫിത്വറും ഈദുല്‍ അദ്’ഹയും. ‘ചെറിയ’ പെരുന്നാള്‍, ‘വലിയ’ പെരുന്നാള്‍ എന്നിവ തിരിച്ചറിയാന്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തില്‍ വന്ന പേരുകള്‍ മാത്രമാണെന്നും ആഘോഷങ്ങള്‍ക്ക് വലിപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങള്‍ക്ക് വിലക്കിടുകയല്ല ഇസ്‌ലാം ചെയ്തിട്ടുള്ളതെന്നും പ്രത്യുത പ്രപഞ്ചനാഥന്‍ നിര്‍ണ്ണയിച്ച അതിര്‍വരമ്പുകള്‍ പാലിക്കുക എന്നത് മാത്രമാണ് വിശ്വാസിക്കുള്ള നിര്‍ദേശമെന്നും അദ്ദേഹം വിശദീകരിച്ചു. അതിര്‍വരമ്പുകള്‍ എന്നത്, അതിനകത്തുള്ളവ അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നതോടൊപ്പം അതിനപ്പുറമുള്ളതില്‍നിന്നും അകലം പാലിച്ച് സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതുമാണ്‌.

വ്രതത്തിലൂടെ വിശ്വാസികള്‍ ആര്‍ജ്ജിക്കുന്നത് നിയന്ത്രണവും ഇച്ചാശക്തിയും തിരിച്ചറിവും സഹാനുഭൂതിയുമാണ്‌. പട്ടിണിയും ദാരിദ്ര്യവും യുദ്ധങ്ങള്‍ നിമിത്തവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും സഹാനുഭൂതിയോടെ സഹായിക്കാനും അവര്‍ക്കായി നിലകൊള്ളാനും ഇത് വിശ്വാസിയെ പ്രാപ്തമാക്കുന്നു. ഒളിച്ചോട്ടമോ ആത്മഹത്യയോ ബ്ലാക്ക് മാജിക്കോ അന്യഗ്രഹവാസമോ അല്ല ജീവല്‍പ്രശ്നങ്ങളുടെ പരിഹാരം, മറിച്ച് ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള കരുത്ത് നേടാന്‍ സമൂഹത്തിന്‍റെ പ്രാപ്തമാക്കുന്നതാണ് വ്രതം, അദ്ദേഹം തുടര്‍ന്നു.

30 ദിനരാത്രങ്ങളിലൂടെ നേടിയെടുത്ത സൂക്ഷ്മതയും നിയന്ത്രണവും നന്മയുടെ ശീലങ്ങളും ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയണം. ഓരോ ഉദയാസ്തമയങ്ങളും ശ്രദ്ധിക്കുകയും ഘടികാരസൂചിയുടെ ചലനം പോലും നിരീക്ഷിക്കുകയും ചെയ്ത വിശ്വാസിക്ക് സമയത്തിന്‍റെയും ആയുസ്സിന്‍റെയും മൂല്യം നഷ്ടപ്പെട്ടുപോവരുത്. നോമ്പ് ഒരു പരിചയായി പരിചയപ്പെടുത്തിയ പ്രവാചകവചനം ഉദ്ദരിച്ചുകൊണ്ട് തന്‍റെ സുരക്ഷാകവചം നഷ്ടപ്പെടുത്തുന്നവനാവരുത് വിശ്വാസി എന്നദ്ദേഹം ഉണര്‍ത്തി.

മഹത്തായ ഒരു ദാനദര്‍മ്മത്തിനുശേഷമാണ് ഈദ്ഗാഹിലെ പ്രാര്‍ത്ഥന. അനുഷ്ഠാനങ്ങളിലെ പിഴവുകള്‍ക്കുപോലും ദാനധര്‍മ്മങ്ങള്‍ പ്രായശ്ചിത്തമായി നിശ്ചയിച്ച മതമായ ഇസ്‌ലാമിലെ ആഘോഷങ്ങളും വിശേഷങ്ങളും ദാനദര്‍മ്മങ്ങള്‍ക്ക് കൂടിയുള്ള വലിയ അവസരമാണ്. നോമ്പ് ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങളും സമയബന്ധിതമായ അനുഷ്ഠാനങ്ങളാണ്‌. അവസരം ലഭിക്കുമ്പോള്‍ മാത്രം ചെയ്യേണ്ടുന്ന കര്‍മ്മങ്ങളല്ല മതത്തിലെ ആരാധനകളെന്നും മറിച്ച് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്ക് സ്വമേധയാ നല്‍കുന്ന നികുതിയാണിതെന്നും അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു.

മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ പ്രത്യേകം സംവിധാനിച്ച ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്‌നേഹാശംസകള്‍ കൈമാറുകയും ചെയ്തു.

webdesk14: