വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ട് കേരളം. 2021-22 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ നിന്നാണ് കേരളം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന് 609.7 ആണ് ലഭിച്ചിരിക്കുന്ന സ്‌കോര്‍. 700ല്‍ 641 പോയിന്റുമായി ഛണ്ഡിഗഢും പഞ്ചാബുമാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവച്ച 6 സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തെന്നത് നേട്ടത്തിന്റെ മാറ്റുകുറയ്ക്കുന്നില്ല.
വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 10 ഗ്രേഡുകളായാണ് തരംതിരിക്കുന്നത്. ആദ്യ അഞ്ച് ഗ്രേഡുകളില്‍ ഇടംനേടാന്‍ ഒരു സംസ്ഥാനത്തിനും കഴിഞ്ഞില്ല. പഞ്ചാബും ഛണ്ഡിഗഢും ആറാം ഗ്രേഡിലാണുള്ളത്. പഠന ഫലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായ ഘടകങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തിനായി കണക്കാക്കുന്നത്.തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, ഗുജറാത്ത് എന്നിവയാണ് കേരളത്തിനൊപ്പം നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ഏഴാം ഗ്രേഡിലാണ് ഇവയുടെ സ്ഥാനം.
ഇവയ്ക്കും പിന്നിലാണ് അരുണാചല്‍പ്രദേശ്, മിസോറാം, മേഘാലയ സംസ്ഥാനങ്ങളുടെ സ്‌കോര്‍. കഴിഞ്ഞ വര്‍ഷം കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 1000-ല്‍ 901നും 950നും ഇടയില്‍ പോയിന്റ് നേടിയിരുന്നു.