X

ഹിന്ദുത്വം പ്രസംഗിക്കുന്നവര്‍ ശ്രാവണ മാസത്തില്‍ കഴിക്കുന്നത് ബീഫ് കട്‌ലറ്റും മദ്യവും; ബി.ജെ.പി പ്രസിഡന്റിന്റെ മകനെതിരെ ശിവസേന

മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലേയുടെ മകന്‍ സങ്കേത് ബവന്‍കുലേക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന എം.പി സഞ്ജയ് റാവുത്ത്. ശ്രാവണ മാസത്തിലും ഗണപതി ഉത്സവത്തിലും ഹിന്ദുത്വം പ്രസംഗിക്കുന്നവര്‍ ബീഫ് കഴിക്കുന്നത് ആളുകള്‍ക്ക് സ്വീകാര്യമാണോ എന്നായിരുന്നു റാവുത്തിന്റെ ചോദ്യം. സങ്കേതും സുഹൃത്തുക്കളും ഒരു ഹോട്ടലില്‍ നിന്ന് ബീഫ് കട്‌ലറ്റ് കഴിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് റാവുത്ത് ആരോപണമുന്നയിച്ചത്. ലാ ഹോറി ഹോട്ടലില്‍ നിന്നുള്ള ബില്ലില്‍ മദ്യത്തിനൊപ്പമാണ് സംഘം ബീഫ് കഴിച്ചതെന്നും റാവുത്ത് പറഞ്ഞു.

നാഗ്പൂരിലെ ക്രമസമാധാന പ്രശ്‌നത്തെയും റാവുത്ത് രൂക്ഷമായി വിമര്‍ശിച്ചു. നാഗ്പൂരില്‍ കഴിഞ്ഞ ദിവസം സങ്കേതും സംഘവും സഞ്ചരിച്ച കാര്‍ അപകടമുണ്ടാക്കിയിരുന്നു. പതിനെട്ട് പേരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഒരു സാധാരണക്കാരനാണ് ഇത്തരത്തിലൊരു അപകടം വരുത്തി വെച്ചത് എങ്കില്‍ പൊലീസ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അയാളെ റോഡിലുടെ പരേഡ് ചെയ്യിക്കുമായിരുന്നു എന്നും റാവുത്ത് വിമര്‍ശിച്ചു.

മറ്റെന്തിനേക്കാളും റോഡ് സുരക്ഷക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സങ്കേതിന് പൊലീസ് സംരക്ഷണം നല്‍കുകയാണ്.ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദര്‍ ഫഡ്‌നാവിസ് വലിയ പരാജയമാണെന്നും റാവുത്ത് ആരോപിച്ചു. ഫഡ്‌നാവിന്റെ കാലത്ത് മുംബൈയിലെ ക്രമസമാധാനം താറുമാറായി. ഇത്തരത്തിലൊരു അവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല. ഇത്തരമൊരു ആഭ്യന്തരമന്ത്രിയെ ചുമക്കേണ്ട ഗതികേടിലാണ് സംസ്ഥാനം. മഹാരാഷ്ട്ര ഫഡ്‌നാവിസിന് ഒരിക്കലും മാപ്പുനല്‍കില്ലെന്നും റാവുത്ത് ഓര്‍മപ്പെടുത്തി.

അപകടത്തില്‍ പൊലീസ് എഫ്.ഐ.ആറില്‍ വാഹന ഉടമയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. അപകടം നടന്നയുടന്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. അയാളെ സംരക്ഷിക്കുകയാണ് എല്ലാവരും ചേര്‍ന്ന്. എന്തുതരത്തിലുള്ള ക്രമസമാധാന പാലനമാണിത്. -റാവുത്ത് ചോദിച്ചു. അതേസമയം സ?ങ്കേതും സംഘവും ഭക്ഷണം കഴിച്ച ഹോട്ടലില്‍ ബീഫ് വിളമ്പുന്നില്ലെന്നും ചിക്കന്റെയും മട്ടന്റെയും പ്രത്യേക വിഭവങ്ങളാണ് അവിടെ തയാറാക്കുന്നത് എന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. മെനുവില്‍ ബീഫ് വിഭവങ്ങളില്ലെന്നും ബി.ജെ.പി അധികൃതര്‍ പറയുന്നു.

തിങ്കളാഴ്ചയാണ് സങ്കേത് അമിത വേഗതയില്‍ ഓടിച്ച ഓഡി കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയത്. ബി.ജെ.പി നേതാവിന്റെ മകന്റെ അശ്രദ്ധമായ പെരുമാറ്റത്തിന് നേരെ കണ്ണടച്ച് നാല് വര്‍ഷം പഴക്കമുള്ള കേസില്‍ അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്യാന്‍ ഫഡ്നാവിസ് ശ്രമിക്കുന്നത് എങ്ങനെയാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.

webdesk13: