മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.
ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.