X

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ വീണ്ടും സ്‌കൂള്‍ബസ് ഓടിച്ചു; ഡ്രൈവര്‍ക്കും സ്‌കൂളിനും 5,000 രൂപവീതം പിഴ ചുമത്തി

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ വീണ്ടും സ്‌കൂള്‍ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്‌കൂളിനും 5,000 രൂപവീതം പിഴ ചുമത്തി.

ഫറോക്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്. കൊണ്ടോട്ടി പുളിക്കലിലെ ഫ്‌ളോറീറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാഹന ഡ്രൈവര്‍ കണ്ണനെതിരെയാണ് നടപടി.

കഴിഞ്ഞമാസം ഇതേ സ്‌കൂള്‍ ബസ് ഓടിച്ച് ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കണ്ണന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വണ്‍വേ ട്രാഫിക് നിയമം ലംഘിച്ച് മറ്റൊരു വാഹനത്തിന് തടസ്സമുണ്ടാക്കിയതായിരുന്നു കേസ്. ഇതേ ഡ്രൈവറെക്കൊണ്ടുതന്നെ അധികൃതര്‍ തുടര്‍ന്നും സ്‌കൂള്‍ വാഹനം ഓടിപ്പിക്കുകയായിരുന്നു.

വൈകീട്ട് സ്‌കൂള്‍ വിട്ട് വരുന്ന സമയത്ത് പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത െ്രെഡവറെത്തന്നെ ബസ്സില്‍ കണ്ടതോടെ വാഹനം നിര്‍ത്തിച്ച് പുറത്തിറക്കി. പിന്നീട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ബസ്സില്‍ കുട്ടികളെ വീട്ടിലെത്തിച്ചു.

webdesk13: