X

വിദ്യാഭ്യാസ മേഖലയില്‍ അശാന്തി സൃഷ്ടിക്കരുത്: എം. വിന്‍സെന്റ് എം.എല്‍.എ

തിരുവനന്തപുരം: തത്വദീക്ഷയില്ലാത്ത പരിഷ്‌ക്കരണത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അശാന്തി സൃഷ്ടിക്കരുതെന്നും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. ആവശ്യപ്പെട്ടു.

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ തുറന്ന് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് തന്നെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ക്ക് ഡി.ജി.ഇ ഓഫീസ് സാക്ഷിയാകുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അശാസ്ത്രീയമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത് മനസിലാക്കുവാനുള്ള സാമാന്യ ബുദ്ധി വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും ഉണ്ടാകണം. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന പഠന മണിക്കൂറുകള്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്താതെ തന്നെ ലഭിക്കുമെന്നും സര്‍ക്കാറിന്റെ അപ്രധാന പരിപാടികള്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നും ഒഴിവാക്കി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പഠിപ്പിക്കുവാനുള്ള സമയം ലഭ്യമാക്കലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എ.ടി.എഫ് ജനറല്‍ സെക്രട്ടറി എം.എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം.ടി സൈനുല്‍ ആബിദ്, എ.പി ബഷീര്‍, എം.എ. റഷീദ് മദനി, മന്‍സൂര്‍ മാടമ്പാട്ട്, ടി.സി ലത്തീഫ്, ടി.പി അബ്ദുല്‍ റഹിം, സി.എച്ച്. ഫാറൂഖ്, എം.എ സാദിഖ്, കെ.നൂറുല്‍ അമീന്‍, നൗഷാദ് കോപ്പിലാന്‍, ഉമര്‍ ചെറൂപ്പ, നാസറുദ്ദീന്‍ കണിയാപുരം, മുജീബ് ബീമാപള്ളി, മുഹമ്മദ് ബാലരാമപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

webdesk14: