തെരുവുനായ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീംകോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സത്യവാങ്മൂലം. ദിവസവും 30 കുട്ടികള്‍ക്ക് തെരുവ് നായകളുടെ കടിയേല്‍ക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2 വര്‍ഷത്തിനിടെ കണ്ണൂരില്‍ മാത്രം 465 കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
2021 ജനുവരി മുതല്‍ 2023 ജൂലൈ വരെയുള്ള കണക്കാണ് രേഖാമൂലം നല്‍കിയത്. തെരുവുനായ ശല്യത്തിനെതിരായ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ മറുപടി സത്യവാങ്മൂലം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയില്‍ 23,666 തെരുവ് നായ്ക്കളുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന് പുറമെ 48,055 വളര്‍ത്തുനായ്ക്കളുമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉദ്ധരിച്ചാണ് കണക്കുകള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെരുവുനായ്ക്കളുടെ ജീവനെക്കാള്‍ വലുത് മനുഷ്യന്റെ ജീവനാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടികളില്‍ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. 11 വയസുകാരന് നിഹാലിന് ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജില്ലാ പഞ്ചായത്തിന്റെ സത്യവാങ്മൂലം.
അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാവുന്നതാണ്. തദ്ദേശസ്ഥാപനത്തിന്റെ മേധാവി, പൊതുആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദേശം.