ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായില്‍. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിനോയ് വിശ്വത്തെ ധൃതി പിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് കെ.ഇ ഇസ്മായില്‍ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്തുടര്‍ച്ചാവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിനോയ് വിശ്വത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കാനത്തിന്റെ കത്ത് ഞങ്ങള്‍ കണ്ടിട്ടില്ല. പാര്‍ട്ടിയുടെ കീഴ്വഴക്കം ലംഘിച്ചെന്ന സംശയം പ്രവര്‍ത്തകര്‍ക്കുള്ളതുപോലെ വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ദേശീയ നേതൃത്വം ചര്‍ച്ചകള്‍ക്ക് ശേഷം സെക്രട്ടറിയെ നിയമിച്ചാല്‍ മതിയായിരുന്നുവെന്നും കെ ഇ ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.
കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയത്. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവിലായിരുന്നു തീരുമാനമെടുത്തത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍ നിന്ന് അവധി എടുത്തത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താല്‍കാലിക ചുമതല നല്‍കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. കാനം രാജേന്ദ്രന്‍ അന്തരിച്ചതിന് പിന്നാലെ കത്ത് കൂടി പരിഗണിച്ച് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താല്‍കാലിക ചുമതല നല്‍കുകയായിരുന്നു.