കര്‍ണാടക ഷിരൂരിനെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. അര്‍ജുന്റെ ലോറിയില്‍ ബന്ധിച്ചിരുന്ന കയര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനമായതിനാല്‍ നാളെ തിരച്ചില്‍ ഉണ്ടാകില്ല. മറ്റന്നാള്‍ മുതല്‍ വീണ്ടും തിരച്ചില്‍ നടക്കും. മണ്ണിനടിയില്‍ കിടക്കുന്ന കയര്‍ ഉള്‍പ്പെടെയുള്ളവ വടം ഉപയോഗിച്ച് ബന്ധിച്ച് വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളാകും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടക്കുക.
അതേസമയം, തിരച്ചിലിനായി ആധുനിക ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. 50 ലക്ഷം രൂപ മുടക്കി എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചിലവ് പൂർണമായും കർണാടക സർക്കാർ വഹിക്കും. ഉത്തരകന്നട ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഇതിനായി തുക വകയിരുത്തും. ആധുനിക ഡ്രഡ്ജർ തിങ്കളാഴ്ചയോടുകൂടി ഗംഗാവലി പുഴയിലെത്തുക്കും.
നേവി ഇന്ന് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി പങ്കുവച്ചു.