അസമിലെ ബർപേട്ട ജില്ലയിൽ നിന്നുള്ള 28 പേരെ ഗോൾപാര തടങ്കൽ കേന്ദ്രത്തിൽ തടവിലാക്കിയ അസം സർക്കാറിന്റെ നടപടിയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിർദേശ പ്രകാരം അഡ്വ. ഇല്യാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള അസം ലോയേഴ്സ് ഫോറം നേതാക്കൾ ജയിൽ സന്ദർശിച്ചു. ലോയേഴ്സ് ഫോറം പ്രസിഡണ്ട് ഇല്യാസ് അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഹമ്മദ് തൗഫീഖ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിറ്റൻഷൻ സെന്ററിൽ സന്ദർശിച്ചതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.
ഇതിനകം കുറച്ച് കുടുംബങ്ങൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രയാസം കൊണ്ടും നടപടിക്രമങ്ങളുടെ അറിവില്ലായ്മ കൊണ്ടും മറ്റും കോടതിയിൽ എത്താൻ കഴിയാത്ത നിരവധി പേർ നിസ്സഹായരാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.
ഈ വിഷയം വിശദമായി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അഡ്വ. ഇല്ല്യാസിനെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നമ്മുടെ നിർദേശപ്രകാരം ഇവരുടെ വിശദാംശങ്ങളും രേഖകളും ശേഖരിക്കുകയും അവർക്ക് നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അസം വിഷയം എത്രയും വേഗം സുപ്രീം കോടതി മുമ്പാകെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവരുടെ ബന്ധുക്കൾ നമ്മളുടെ പ്രതിനിധികൾ വശം രേഖകൾ കൈമാറുന്ന മുറക്ക് നമ്മൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും.- അദ്ദേഹം പറഞ്ഞു.
തലമുറകളായി രാജ്യത്ത് താമസിച്ചുവരുന്ന, സാങ്കേതിക കാരണങ്ങളാൽ പിറന്ന മണ്ണിലെ പൗരത്വം നിഷേധിക്കപ്പെട്ട ഈ കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും നിയമപരവുമായ സഹായങ്ങൾ ഉറപ്പാക്കി ഹിമന്ത ബിസ്വ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും മുസ്ലിം വിരുദ്ധവുമായ വേട്ടയാടലിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു