X

ആസൂത്രിതമായി കുടുക്കി; പെട്ടെന്ന് മടങ്ങിപ്പോകാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു- മഅദനി

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താനെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി ആരോപിച്ചു. ബെംഗളൂരുവില്‍ വിന്ന് കേരളത്തിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅദനി തുടര്‍ന്ന് അന്‍വാര്‍ശേരിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

നമ്മുടെ രാജ്യത്തിന്റെ നീതി സംവിധാനത്തിന് അപമാനകരമാണ് ഇത്തരത്തില്‍ വിചാരണ തടവുകാരായിട്ട് ദീര്‍ഘകാലം വ്യക്തികളെ തടവില്‍ വച്ചിരിക്കുന്നതെന്ന് മഅദനി പറഞ്ഞു. എന്നിട്ട് പിന്നീട് നിരപരാധികളാണെന്ന് പറയുക.

ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താന്‍. ഇത് നേരിടാന്‍ മാനസികമായി തയ്യാറെടുപ്പ് ഉള്ള വ്യക്തിയാണ്. കേസില്‍ കുടുക്കി ഇങ്ങോട്ട് വരുമ്പോള്‍ തന്നെ പെട്ടെന്ന് മടങ്ങി പോകാന്‍ സാധിക്കില്ലെന്ന് അറിയാമായിരുന്നു. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പന്ത്രണ്ട് ദിവസമാണ് അദ്ദേഹം കേരളത്തില്‍ തങ്ങുക. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കണ്ട് മടങ്ങാന്‍ കഴിയുക എന്നതാണ് നിലവില്‍ മുന്നിലുള്ള പദ്ധതി. തന്റെ ആരോഗ്യസ്ഥിതിയും വളരെ മോശമാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഈ വിഷയത്തില്‍ പ്രതികൂലമായിട്ട് ഒന്നും ഉണ്ടായിട്ടില്ലെന്നും  മഅദനി
പറഞ്ഞു.

ബെംഗളൂരു സ്‌ഫോടനകേസില്‍ പ്രതിയായ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും യാത്ര അകമ്പടി ചെലവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. യാത്ര അകമ്പടിക്കുള്ള ചെലവില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് സൂചനയുണ്ടെങ്കിലും കൃത്യമായ വിവരം ലഭ്യമല്ല.

webdesk13: