X

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന്

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലുമായിരിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് ഡല്‍ഹിയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

70 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. സജ്ജീകരിച്ച 13,033 പോളിങ് ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആരോപണങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കി. തിരഞ്ഞെടുപ്പുകളെല്ലാം സുതാര്യമാണെന്നും ഇ.വി.എം. അട്ടിമറി ആരോപണങ്ങള്‍ കോടതി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യംചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍, അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ശരിയല്ല. വോട്ടര്‍മാരെല്ലാം നല്ല ധാരണയുള്ളവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. 2020 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളാണ് വലിയകക്ഷികളായി തിരഞ്ഞെടുക്കപ്പെട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

webdesk18: