X

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം ആരംഭിച്ചെന്ന് സിബിഐ ഹൈക്കോടതിയില്‍

വയനാട്  പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐയുടെ വിശദീകരണം അംഗീകരിച്ച ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. സിബിഐ അന്വേഷണം അതിവേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ പിതാവ് ടി ജയപ്രകാശ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസിലെ അന്വേഷണം ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നായിരുന്നു നേരത്തെ ഹൈക്കോടതി സിബിഐയോട് ചോദിച്ചത്. അന്വേഷണം ആരംഭിച്ച ശേഷം അക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി സിബിഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചെന്ന സിബിഐയുടെ വിശദീകരണം.

അതേസമയം സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിന്റെയും അമ്മാവന്‍ ഷിബുവിന്റെയും മൊഴിയെടുപ്പ് തുടരുകയാണ്. വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലാണ് മൊഴിയെടുപ്പ്. രണ്ട് ദിവസം മുമ്പ് വയനാട്ടിലെത്തിയ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

രാവിലെ പത്തരയോടെയാണ് സിദ്ധാര്‍ഥന്റെ കുടുംബം വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസില്‍ എത്തിയത്. അന്വേഷണ സംഘം വിശദമായ മൊഴിയാണ് രേഖപ്പെടുത്തുന്നത്. കേസിലെ രാഷ്ട്രീയ ഇടപെടല്‍, പ്രതിപ്പട്ടികയില്‍ നിന്ന് പലരെയും ബോധപൂര്‍വ്വം ഒഴിവാക്കി തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കുടുംബം ഉന്നയിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘം കല്‍പ്പറ്റ ഡിവൈഎസ്പിയില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

webdesk14: